ചരിത്രം

ചരിത്രം

                ചരിത്ര പ്രസിദ്ധമായ ശ്രീഭൂതനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലനാമം ഉണ്ടായത് എന്ന് കരുതേണ്ടിയിരിക്കുന്നു. ക്ഷേത്രത്തിലെ ആദ്യ പ്രതിഷ്ഠയായ ശാസ്താവിന്റെ പേരുമായി ബന്ധിച്ച് ‘ശാസ്താവിന്റെ ഊര്’ എന്നുള്ളതു ലോപിച്ച് ചാത്തന്നൂര്‍ ആയി എന്നതാണ് ഏറെ വിശ്വസനീയമായിട്ടുള്ളത്. ഈ പ്രദേശത്തിന്റെ ഭരണാധികാരിയായി ചാത്തന്‍ എന്നൊരു ദ്രാവിഡ രാജാവുണ്ടായിരുന്നു എന്നും ചാത്തന്റെ ഊര് (സ്ഥലം) ആയതുകൊണ്ട് ചാത്തന്നൂര്‍ ആയി എന്നുമാണ് ശക്തമായ മറ്റൊരു അഭിപ്രായം. ചാത്തിരന്‍ എന്നത് ശാസ്ത്രം പഠിക്കുന്നവന്‍ (ഛാത്രന്‍ = വിദ്യാര്‍ത്ഥി) എന്ന അര്‍ത്ഥത്തില്‍ പ്രയോഗിച്ചിരുന്നു. ശാസ്ത്രം പഠിപ്പിച്ചിരുന്ന പ്രസിദ്ധമായ ഒരു കലാശാല ഇവിടെ ഉണ്ടായിരുന്നിരിക്കണമെന്നും ഛാത്രന്മാരുടെ ഊര് എന്നതില്‍ നിന്നും ചാത്തന്നൂര്‍ എന്ന് വന്നതായിരിക്കാമെന്നും പ്രൊഫ. ഇളംകുളം കുഞ്ഞന്‍ പിള്ളയുടെ കേരളത്തിലെ ഇരുളടഞ്ഞ ഏടുകള്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിക്കാണുന്നു. ചേന്നമത്തു ക്ഷേത്ര ഭിത്തിയിലെ പുരാതനമായ വട്ടെഴുത്ത് ചാത്തന്നൂര്‍ ശാസനം എന്ന പേരിലാണ് ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. ആര്യദേവന്‍ ഉഴുത്തിരര്‍ കൊല്ലവര്‍ഷം 448 (എ ഡി 1273) ല്‍ പുന:പ്രതിഷ്ഠ നടത്തി എന്നാണ് ഈ വട്ടെഴുത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 1755-ല്‍ സ്ഥാപിതമായ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ ചുവര്‍ ചിത്രങ്ങള്‍ ചരിത്ര പ്രാധാന്യമുള്ളവയാണ്. ഈ പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രാമയ്യന്‍ ദളവ ചാത്തന്നൂര്‍ എത്തിയെന്നും പറയപ്പെടുന്നു. പൌരസ്ത്യ സുറിയാനി സഭയുടെ പെരുന്നാള്‍ വിവരങ്ങളടങ്ങിയ കലണ്ടര്‍ തമിഴ് കലര്‍ന്ന മലയാള ഭാഷയിലുള്ളതാണ്. കൊല്ലവര്‍ഷം 972 മീനമാസത്തിലാണ് ഈ ചിത്രങ്ങള്‍ എഴുതിയത് എന്ന് രേഖപ്പെടുത്തിക്കാണുന്നു. ക്രിസ്തോസ് മാര്‍ത്തോമാ പള്ളി ചാത്തന്നൂര്‍, മീനാട്, വരിഞ്ഞം എന്നീ മുസ്ളീംപള്ളികള്‍ എന്നിവ ഈ പ്രദേശത്തെ മറ്റു ദേവാലയങ്ങളാണ്. ഹരിജനങ്ങളുടെ ആരാധനാലയമായ കാടിയാതി ക്ഷേത്രം തുടങ്ങി ചെറുതും വലുതുമായി ഒട്ടനവധി ക്ഷേത്രങ്ങളും ആരാധനലായങ്ങളും ഇവിടെയുണ്ട്. ചാത്തന്നൂര്‍ ഒരു പുരാതന വാണിജ്യ കേന്ദ്രമായിരുന്നു എന്ന് ഉണ്ണുനീലി സന്ദേശത്തില്‍ പരാമര്‍ശമുണ്ട്. ‘പുത്തിടം’ വാണിഭത്തില്‍ വച്ച് വ്യവസായികള്‍ സംഭാഷണം നടത്തുമ്പോള്‍ ‘ചാത്തന്നൂര്‍ ആല്‍ക്കമുണ്ടോ’ എന്നു ചോദിക്കുന്നതായി കാണാം. സാധനങ്ങള്‍ക്ക് വില ഏറ്റമുണ്ടോ എന്നാണ് ഇതിനര്‍ത്ഥം. നെടുങ്കൊല്ലം (ഇന്നത്തെ നെടുങ്ങോലം) വ്യാപാര സാധനങ്ങള്‍ കയറ്റി അയച്ചിരുന്ന ഒരു സ്ഥലമാണെന്ന് കരുതുന്നു. അധികാര സ്ഥാനങ്ങളില്‍ സ്വാധീനമുണ്ടായിരുന്ന ഒരു മാടമ്പിത്തറവാട് മീനാടുണ്ടായിരുന്നതു കൊണ്ടാവാം ആദ്യ കണ്ടെഴുത്തു വന്നപ്പോള്‍ ചാത്തന്നൂര്‍ എന്ന വിശാലമായ പ്രദേശം മുഴുവന്‍ മീനാട് പകുതി (വില്ലേജ്) എന്ന പേര് ഉണ്ടാകാന്‍ ഇട വന്നിട്ടുള്ളത്. തിരുവിതാംകൂര്‍ പ്രദേശത്തെ ക്ഷേത്രപ്രവേശന  വിളംബരം തുടര്‍ന്ന് വിദ്യാഭ്യാസ രംഗത്തെ പുരോഗതി, ദേശീയ സ്വാതന്ത്ര്യ സമരത്തോടുണ്ടായ ഉണര്‍വ്, അയ്യങ്കാളി, ശ്രീനാരായണ ഗുരു തുടങ്ങിയ സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളുടെ പ്രവര്‍ത്തനം എന്നിവ ചാത്തന്നൂരിലും ഗുണപരമായ സാമൂഹ്യ മാറ്റത്തിന് ഇട നല്‍കി. ദിവാന്‍ ഭരണത്തിനും വൈദേശിക ഭരണത്തിനും എതിരായി ഉയര്‍ന്നുവന്ന പ്രക്ഷോഭ സമരങ്ങളില്‍ ചാത്തന്നൂര്‍ സജീവമായി പങ്കെടുത്തിരുന്നു. സര്‍വ്വശ്രീ വരിഞ്ഞം രാഘവന്‍ പിള്ള, എം.ജി.കോശി തുടങ്ങിയ മണ്‍മറഞ്ഞുപോയ നേതാക്കന്‍മാര്‍ ഈ പ്രദേശത്തുകാരായുണ്ട്.