ആമുഖം

ഒരു സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്താണ് ചാത്തന്നൂര്‍. സംഘകാല ചരിത്രത്തില്‍ ഏറെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ദേശിംഗനാടിന്റെ ഭാഗമായിരുന്നു ഇന്നത്തെ ചാത്തന്നൂര്‍. കൊല്ലം പട്ടണത്തില്‍ നിന്നും 15 കിലോ മീറ്റര്‍ തെക്കുകിഴക്കായി ഇത്തിക്കര ആറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ദേശീയപാത 47-ന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ ഇത്തിക്കര ആറും തെക്ക് പരവൂര്‍, പൂതക്കുളം പ്രദേശങ്ങളും കിഴക്ക് കല്ലുവാതുക്കല്‍ പഞ്ചായത്തുമാണ്. കൊല്ലം ഇത്തിക്കര ബ്ളോക്കിലെ ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആകെ വിസ്തീര്‍ണ്ണം 33.76 ച:കി:മീറ്ററാണ്. വടക്കേ അതിര്‍ത്തിയില്‍ കൂടെ ഒഴുകുന്ന ഇത്തിക്കര ആറ് പഞ്ചായത്തിനെ ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ നിന്നും വേര്‍തിരിക്കുന്നു. പടിഞ്ഞാറേ ദിശയിലേക്കൊഴുകുന്ന ഇത്തിക്കര ആറ് പരവൂര്‍ കായലില്‍ ചെന്നു ചേരുന്നത് ഈ പഞ്ചായത്തിനുള്ളില്‍ വച്ചാണ്. അവസാന ഘട്ടത്തിലാണ് ഇത്തിക്കര നദി ചാത്തന്നൂരിലൂടെ ഒഴുകുന്നത്. പഞ്ചായത്തിന്റെ ഭൂപ്രകൃതിയും ഈ നദിയെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. ഈ പഞ്ചായത്തിന്റെ തെക്കുകിഴക്കു നിന്നും വടക്കു പടിഞ്ഞാറു വരെ 7.15 കി:മീ ദൈര്‍ഘ്യമുള്ള നാഷണല്‍ ഹൈവേ കടന്നു പോകുന്നു. ഇത് പഞ്ചായത്തിന്റെ ഗതാഗത സൌകര്യത്തിന് വളരെയധികം മാറ്റു കൂട്ടുന്നു. നാഷണല്‍ ഹൈവേ കൂടാതെയുള്ള പ്രധാന റോഡ് ചാത്തന്നൂര്‍ ജംഗ്ഷനില്‍ നിന്നും തെക്കോട്ടു പോകുന്ന പരവൂര്‍ റോഡാണ്. ജനങ്ങളുടെ മുഖ്യതൊഴില്‍ കൃഷിയാണ്. നെല്ല്, തെങ്ങ്, കുരുമുളക്, കശുമാവ് എന്നിവയാണ് പ്രധാന കൃഷികള്‍. കേരളത്തിന്റെ ക്ളാസ്സിക് കലയായ കഥകളിയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ചാത്തന്നൂര്‍. ഒരു കഥകളി യോഗവും കഥകളി പരിശീലന കേന്ദ്രവും പ്രശസ്തരായ കഥകളി നടന്മാരും, ചെണ്ടമേളം, നാദസ്വരം, മയിലാട്ടം തുടങ്ങിയ കലാരൂപങ്ങളില്‍ പ്രാമുഖ്യം നേടിയ കലാകാരന്മാരും പ്രശസ്തരായ കഥാപ്രസംഗകരും ഈ ഗ്രാമത്തിലുണ്ട്.
                           1953-ല്‍ പഞ്ചായത്തുകള്‍ രൂപീകൃതമാകുന്നതിന് മുമ്പ് ചാത്തന്നൂര്‍ വില്ലേജ് യൂണിയന്‍ എന്ന പേരില്‍ ഇന്നത്തെ ചാത്തന്നൂര്‍ കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സ്വയംഭരണ സ്ഥാപനം നിലനിന്നിരുന്നു. ഈ വില്ലേജ് യൂണിയനിലെ അംഗങ്ങളെ സര്‍ക്കാര്‍ നോമിമേറ്റു ചെയ്യുകയായിരുന്നു. ആ വില്ലേജു യൂണിയന്റെ പ്രസിഡന്റ് പത്മവിലാസത്ത് പ്രൊഫ. വി.കുഞ്ഞുശങ്കര പിള്ളയായിരുന്നു. 1953 ജൂലൈ മുതല്‍ 1964 ജനുവരി വരെയുള്ള തെരഞ്ഞെടുക്കപ്പെട്ട ആദ്യ പഞ്ചായത്തു ഭരണ സമിതിയില്‍ പോളച്ചിറ കെ.എന്‍.കൃഷ്ണന്‍ നായര്‍ പ്രസിഡന്റും  കെ.പി.ഗോപാലന്‍ വൈസ് പ്രസിഡന്റുമായിരുന്നു. ചാത്തന്നൂര്‍ ഉള്‍പ്പെടുന്ന അസംബ്ളി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് പി.കുഞ്ഞുകൃഷ്ണന്‍, പി.രവീന്ദ്രന്‍, ജെ.ചിത്തരജ്ഞന്‍, സി.വി.പത്മരാജന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ക്ളാസ്സിക് കലയായ കഥകളിയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ചാത്തന്നൂര്‍. മികച്ച കഥകളി നടനായ ചിറക്കര മാധവന്‍കുട്ടി ചാത്തന്നൂര്‍ ഗ്രാമവാസിയാണ്. ചാത്തന്നൂര്‍ കൊച്ചുനാരായണ പിള്ളയും ഈ രംഗത്ത് ശ്രദ്ധേയനാണ്. മണ്‍മറഞ്ഞുപോയ ശ്രീമാന്‍മാര്‍ മീനാട് കെ.പി.രാമന്‍ പിള്ള, മീനാട് നാണു ആശാന്‍ തുടങ്ങിയവര്‍ മുന്‍തലമുറയിലെ പ്രശസ്തരായ നാടക നടന്‍മാരായിരുന്നു. പത്രപ്രവര്‍ത്തന രംഗത്ത് ചാത്തന്നൂര്‍ മോഹനനും, നാടകരംഗത്ത് അയ്യപ്പന്‍ പിള്ളയും, കഥാപ്രസംഗ കലയില്‍ ചിറക്കര സലിംകുമാറും പ്രശസ്തരാണ്. ദേശീയ അന്തര്‍ദ്ദേശീയ തലത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ പ്രശസ്തരായ കായിക താരങ്ങളെ സംഭാവന ചെയ്യുവാന്‍ ചാത്തന്നൂരിന് കഴിഞ്ഞിട്ടുണ്ട്. ലോംഗ് ജംപില്‍ സ്വര്‍ണ്ണം നേടിയ ശ്യാംകുമാര്‍, ദേശീയതലത്തില്‍ വഞ്ചിതുഴയലില്‍ സ്വര്‍ണ്ണം നേടി കെ.എസ്.സതീഷ് കുമാര്‍ എന്നിവര്‍ ഇന്ത്യന്‍ കായിക രംഗത്തെ വാഗ്ദാനങ്ങളാണ്. യുനസ്കോ അവാര്‍ഡു ജേതാവും പ്രശസ്ത വേളിബോള്‍ താരവുമായ ഡോ. ജോണ്‍സണ്‍ ചാത്തന്നൂര്‍ കായിക പാരമ്പര്യമാണ്.
പഞ്ചായത്തിന്റെ മിക്ക ഭാഗങ്ങളിലും 60 മീറ്റര്‍ ഉയരം മാത്രമേയുള്ളൂ. മൊത്തത്തില്‍ പഞ്ചായത്തിന്റെ കിഴക്കേ അതിര്‍ത്തിയിലാണ് ഉയരം കൂടുതലുള്ള മേഖലകള്‍, പടിഞ്ഞാറേ ഭാഗം താരതമ്യേന ഉയരം കുറഞ്ഞ പ്രദേശങ്ങള്‍ ആകുന്നു. പഞ്ചായത്തില്‍ കൂടെ ഒഴുകുന്ന 18.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇത്തിക്കര നദി തന്നെയാണ് ഇവിടുത്തെ  പ്രധാന ജലസ്രോതസ്സ്. ഇതില്‍ നിന്നും ഉത്ഭവിക്കുന്ന വിവിധ ഉപശാഖകളാണ് മറ്റു പ്രധാന നീരൊഴുക്കുകള്‍. വലുതും ചെറുതുമായി ആകെ 48 തോടുകളാണ് ഈ പഞ്ചായത്തിലുള്ളത്. മൊത്തം 3356 ഹെക്ടറിലായി പരന്നു കിടക്കുന്നു ചാത്തന്നൂരിന്റെ നീര്‍മറി ശാഖകള്‍. പഞ്ചായത്തിലെ ഭൂവിനിയോഗത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് മിശ്രിത കൃഷിയാണ്. ഇത് തെങ്ങ്, മാവ്, പ്ളാവ്, പുളി, ആഞ്ഞില്‍ മുതലായവ അടങ്ങുന്നതാണ്. പാര്‍പ്പിട പ്രദേശങ്ങളും ഉള്‍പ്പെടും. പഞ്ചായത്തില്‍ മിക്കവാറും എല്ലാ വാര്‍ഡിലും കാലി വളര്‍ത്തലുണ്ട്. പോളച്ചിറയുടെ പരിസര പ്രദേശത്തുള്ള വാര്‍ഡുകളിലാണ് ഇത് കേന്ദ്രീകരിച്ചിരിക്കുന്നത്. വേനല്‍കാലത്ത് പോളച്ചിറയില്‍ നിന്നും വലിയ തോതില്‍ മത്സ്യബന്ധനം നടത്താറുണ്ട് ഉള്‍നാടന്‍ ജലാശങ്ങളില്ലെങ്കിലും പത്തിലധികം ചെറുതും വലുതുമായ കുളങ്ങളുണ്ട്. ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഗവ: തലത്തില്‍ ആരംഭിച്ച തേമ്പ്രത്തൊടിയിലെ പെണ്‍പള്ളിക്കൂടവും ഇന്ന് ഗവ: വി എച്ച് എസ് എസ് നില്ക്കുന്ന സ്ഥലത്തുണ്ടായിരുന്ന ആശാന്‍ പള്ളിക്കൂടവുമായിരുന്നു ഗ്രാമത്തിലെ ആദ്യ വിദ്യാലയങ്ങള്‍. 1911-ല്‍ മീനാട്ട് ഒരു സ്വകാര്യ എല്‍ പി സ്കൂള്‍ നിലവില്‍ വന്നു. ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരണ ഘട്ടത്തില്‍ ആദ്യത്തെ ഇംഗ്ളീഷ് സ്കൂളുകളായി എസ് എം വി യു പി എസ്, സെന്റ് ജോര്‍ജ്ജ് യു പി എസ് എന്നിവ 1919-1920 കാലഘട്ടത്തില്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ സഹകരണത്തോടെ സ്ഥാപിതമായി. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ പൊതുജനാരോഗ്യ രംഗത്തെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രാഥമികാരോഗ്യ കേന്ദ്രം, ഇ.എസ്.ഐ ഡിസ്പെന്‍സറി, ഹോമിയോ ഡിസ്പെന്‍സറി, ആയൂര്‍വേദ ഡിസ്പെന്‍സറി എന്നിവയാണ്. കൂടാതെ സ്വകാര്യ രംഗത്തെ അലോപ്പതി, ആയൂര്‍വേദ ഹോമിയോ രംഗങ്ങളിലായി 14 സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ കാലം മുതല്‍ക്കാണ് ചാത്തന്നൂരിന്റെ വ്യാവസായിക ചരിത്രം ആരംഭിക്കുന്നത്. ദിവാന്‍ സി.പി.രാമസ്വാമി അയ്യരുടെ  അനുഗ്രഹാശിസ്സുകളോടെ 1944-ല്‍ വഞ്ചി ക്ളേമന്‍സില്‍ നിന്നും വെള്ള കളിമണ്ണു കുഴിച്ചെടുത്ത് ഇത്തിക്കരയുള്ള ഫാക്ടറിയില്‍ സംസ്ക്കരിക്കുന്ന ഒരു വ്യവസായം ആരംഭിച്ചിരുന്നു. ഇത്തിക്കരയിലുള്ള ഈ വ്യവസായം നിലച്ചു പോയപ്പോള്‍ കോട്ടയം സിമന്റു ഫാക്ടറിയ്ക്കുള്ള അസംസ്കൃത വസ്തുവായി ഈ ക്ളേ പിന്നീട് ഉപയോഗിച്ചു തുടങ്ങി. ഈ കാലഘട്ടത്തില്‍ തന്നെയാണ് തങ്ങള്‍ കുഞ്ഞുമുസലിയാര്‍ ഇത്തിക്കരയിലും വെണ്ടര്‍ ഗ്രൂപ്പ് കുന്നുംപുറത്തും ചിറക്കരയിലും കിടങ്ങൂര്‍ ഗ്രൂപ്പ് കാരംകോട്ടും കശുവണ്ടി ഫാക്ടറികള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. കൊല്ലം ജില്ലാ സഹകരണ സ്പിന്നിംഗ് മില്ലാണ് പഞ്ചായത്തിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനം. ഇത്തിക്കര ബ്ളോക്ക് പ്രോസസ്സിംഗ് ആന്റ് മാര്‍ക്കറ്റിംഗ് സൊസൈറ്റി, ചിന്‍ടെക്സ്, സ്വകാര്യ മേഖലയിലുള്ള വിവിധ റ്റൈല്‍ ഫാക്ടറികള്‍ എന്നിവയാണ് മറ്റുപ്രധാന വ്യവസായ സ്ഥാപനങ്ങള്‍. തിരുവിതാംകൂറില്‍ ആദ്യമായി പി രാജഗോപാലാചാരി കൊല്ലവര്‍ഷം 1089-ല്‍ ഒരു സഹകരണ നിയമം നിര്‍മ്മിച്ചു. തുടര്‍ന്ന് 1956 നവംബര്‍ 1-ാം തിയതി കേരള സംസ്ഥാനം ഉടലെടുത്തതിനു ശേഷം 1967-ല്‍ ഇ. എം. എസ്സിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന പി.ആര്‍.കുറുപ്പ് ഒരു സഹകരണ സംഘം ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കി. അങ്ങിനെ 1969 മേയ് 15-ാം തിയതി കേരളാ സഹകരണ സംഘ നിയമം പ്രാബല്യത്തില്‍ വന്നു. ഇന്ന് നിലവിലുള്ള ചിറക്കര സര്‍വ്വീസ് സഹകരണ സംഘവും, പ്രവര്‍ത്തനം നിലച്ചുപോയ ചില സംഘങ്ങളും 1930 ന് മുന്‍പ് ചാത്തന്നൂരില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നത് സംസ്ക്കാരത്തെയും സഹകരണ ബോധത്തെയും ഓര്‍മ്മിപ്പിക്കുന്നു.